1
കൈമോശം വരുന്ന സൌഹൃദങ്ങള്‍ 2 - ഷറഫുദ്ദീന്‍ ഓര്‍മ കുറിപ്പുകള്‍
വിസ്മൃതിയിലേക്ക് ആണ്ടു പോയ വിലപ്പെട്ട സൌഹൃദങ്ങളുടെ, ഓര്‍മ്മകളിലേക്ക് പ്രവേശിച്ചപ്പോള്‍, അനുബന്ധമായി ഏതാനും കാര്യങ്ങള്‍ കൂടി ഇവിടെ കുറിക്കുവാന്‍ ഉദ്ദേശിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അഭ്യസിക്കുവാന്‍ പള്ളിക്കൂടങ്ങളില്‍ എത്തിയത്‌മുതല്‍ സ്കൂളിനോട് വിടപറഞ്ഞ പത്താംതരം വരെയും, പിന്നീടുണ്ടായ കോളേജ് കാലഘട്ടത്തിലും പരിചയപ്പെട്ട എണ്ണമറ്റ സഹപാഠികള്‍, നേടിയെടുത്ത സൌഹൃദങ്ങള്‍...ആത്മബന്ധങ്ങള്‍... എല്ലാം ഇന്നെവിടെ? ഒരേ ക്ലാസ്സില്‍, ഒരേ ബന്ജില്‍, ഇണങ്ങിയും പിണങ്ങിയും വഴക്കിട്ടും ഒന്നിച്ചു പഠിച്ച എല്ലാവരെയും ഓര്‍മ്മയില്ലെങ്കിലും, ഓര്‍മ്മയില്‍ മായാതെ തങ്ങി നില്‍ക്കുന്ന ഒട്ടധികം മുഖങ്ങള്‍ ഉണ്ട്. അതില്‍ത്തന്നെ പലരുടെയും പേരുകള്‍ പോലും ഓര്‍ക്കുന്നുമില്ല.
അന്നം തേടിയുള്ള യാത്രയില്‍ ഭിന്നയിടങ്ങളില്‍ എത്തപ്പെട്ടിരിക്കുന്നു ഓരോരുത്തരും. ഉയര്‍ച്ചയുടെ പടവുകള്‍ കയറി ഉന്നതങ്ങളില്‍ എത്തിയവരും എങ്ങുമെത്താതെ നട്ടം തിരിയുന്നവരും കൂട്ടത്തിലുണ്ട്.
ജീവിതം മുന്നോട്ട് നയിക്കാനുള്ള നെട്ടോട്ടതിനിടയിലും പിന്നിട്ട കാലത്തിലെ ആ സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കാതവരായി ആരും കാണില്ല എന്നെനിക്കു തോന്നുന്നു.
വര്‍ഷങ്ങളായുള്ള പ്രവാസജീവിതത്തിലെ, ഊഴമിട്ടെത്തിയ ഒരവധിക്കാലത്ത് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍, അന്വേഷിച് കണ്ടുപിടിക്കുവാന്‍ ഒരുപാട് മുഖങ്ങള്‍ മനസ്സിലുണ്ടായിരുന്നു. പേരോ മേല്‍വിലാസമോ അറിയാത്ത ആ മുഖങ്ങള്‍ എവിടെപോയി തിരക്കും.?
അലമാരിയിലെ പഴയ സാധനങ്ങള്‍ സൂക്ഷിച്ചിടത്ത് പരതിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്, SSLC ക്ക് ശേഷം പിരിയുമ്പോള്‍ തയ്യാറാക്കിയ ഓട്ടോഗ്രാഫ് കയ്യില്‍ കിട്ടി. നരച്ചുപോയ വെല്‍വെറ്റ് പുറം ചട്ടയോടുകൂടിയ ആ കൊച്ചു പുസ്തകത്തിലെ നിറം മങ്ങിയ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ മറഞ്ഞു കിടക്കുന്ന പല മുഖങ്ങളും തെളിഞ്ഞു വന്നു.
വിജയാശംസകളും ഭാസുരമായ ഭാവിയും നേര്‍ന്നു
പിരിഞ്ഞതാണ് എല്ലാവരും. മറക്കരുതേ എന്ന അപേക്ഷകളും ഉണ്ട്. അവരെല്ലാം ഇന്നെവിടെയായിരിക്കും.... കുനുകുനാക്ഷരങ്ങള്‍ കുത്തിക്കുറിച്ച ആ കൊച്ചുകൈകള്‍ പലതും ഇന്ന്, നമ്മളെപ്പോലെ ജീവിതത്തിന്റെ ഭാരമേറിയ ചുമടുകള്‍ താങ്ങാന്‍ കഴിയാതെ വിഷമിക്കുകയാവില്ലേ എന്നോര്‍ത്തുപോയി. ജീവിതയാത്രയില്‍ എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടുകിട്ടുമുട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സുഹൃത്ത് ,
ഷറഫുദ്ദീന്‍ കോടനാട്, sharafumadappat @ gmail.com