0

മല്ലുവിനെ വെല്ലാന്‍ ആരുണ്ട് ?

Kaumudi.com: ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിനു മുകളില്‍ എത്തിയപ്പോള്‍ അവിടെ ഒരു മലയാളി ചായയടിക്കയായിരുന്നു എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. ' എനിക്ക് ഒരു ചെറുചുവട്, പക്ഷേ മനുഷ്യരാശിക്ക് ഒരു വന്‍ കുതിച്ചു ചാട്ടം ' എന്ന് നീല്‍ ആംസ്റ്റ്രോംഗ് ചന്ദ്രനില്‍ കാല്‍ കുത്തിയപ്പോള്‍ അവിടെയും വെളുക്കെ ചിരിച്ച് അദ്ദേഹത്തെ വരവേല്‍ക്കാന്‍ ഒരു മലയാളിയുണ്ടായിരുന്നെന്നും നമ്മള്‍ ചിരിച്ചിട്ടുണ്ട്. അതെല്ലാം കേരളപ്പഴമ. പുതുതലമുറ 'മല്ലൂസ്' എങ്ങനെ എന്നറിയണ്ടേ? വായിക്കുക, ആസ്വദിക്കുക, ഒരു ഫോര്‍വേഡഡ് മെയിലിന്റെ സ്വതന്ത്ര മലയാളീകരണം.


മൈക്രോസോഫ്റ്റിന്റെ യൂറോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ഒരു ചെയര്‍പേഴ്‌സണെ നിശ്ചയിക്കുന്നതിലേക്കായി ബില്‍ ഗേറ്റ്‌സ് വളരെ ബൃഹത്തായ ഒരു സമ്മേളനം നടത്തി.

5000 ഉദ്യോഗാര്‍ത്ഥികള്‍ ഒരു വലിയ മുറിയില്‍ ഒത്തുചേര്‍ന്നു. അതില്‍ ഒരാള്‍ നമ്മുടെ 'കേരള കുട്ടി' ആണ്. ബില്‍ ഗേറ്റ്‌സ് ആംഗലേയത്തില്‍ മുഖാമുഖം ആരംഭിച്ചു.

ബില്‍ ഗേറ്റ്‌സ് : ഇവിടെ വന്നതിന് എല്ലാവര്‍ക്കും നന്ദി. *ജാവ അറിയാത്തവര്‍ ദയവായി പുറത്തു പോകുക.

2000 പേര്‍ പുറത്തു പോയി. 'എനിക്കു ജാവ അറിയില്ല, പക്ഷേ ഞാന്‍ ഇവിടെ തന്നെ ഇരിക്കുന്നതു കൊണ്ട് എന്താണൊരു കുഴപ്പം? എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. എന്തായാലും ഒന്നു ശ്രമിക്ക തന്നെ! ' ഇങ്ങനെ ആത്മഗതം നടത്തി നമ്മുടെ കേരള കുട്ടി പാറപോലെ ഉറച്ചങ്ങിരുന്നു.

ബില്‍ ഗേറ്റ്‌സ്: 100 ആള്‍ക്കാരില്‍ കൂടുതല്‍ പേരെ നയിച്ചു പരിചയമില്ലാത്തവര്‍ക്കും പോകാം.

2000 പേര്‍ പിരിഞ്ഞു പോയി. 'ഞാന്‍ തനിച്ച് ഒരാളെ പോലും ഇന്നേ വരെ നയിച്ചിട്ടില്ല, പക്ഷേ ഇവിടെ നില്‍ക്കുന്നതുകൊണ്ട് എനിക്കു നഷ്ടപ്പെടാനെന്തുള്ളു? എനിക്കു എന്തു സംഭവിക്കാനാണ്? ' ഇങ്ങനെ ആത്മവിശ്വാസം വരുത്തി നമ്മുടെ കേരള കുട്ടി അപ്പോഴും മുറിയില്‍ തന്നെ ഇരുന്നു.

ബില്‍ഗേറ്റ്‌സ്: മാനേജ്‌മെന്റ് ഡിപ്ലോമ ഇല്ലാത്തവര്‍ക്കു പോകാം.

500 പേര്‍ മുറി വിട്ടു പോയി. 'ഞാന്‍ 15-ാം വയസ്സില്‍ സ്‌കൂള്‍ വിട്ടതാണ്. പക്ഷേ എനിക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ ' മുറി വിട്ടു പോകേണ്ട ആവശ്യമില്ലെന്നു കുട്ടി സ്വയം ബോദ്ധ്യപ്പെടുത്തി.

# സെര്‍ബോ-ക്രോട്ട് സംസാരിക്കാത്തവരോടു പൊയ്‌ക്കൊള്ളാന്‍ അവസാനമായി ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടു.

498 പേര്‍ മുറി വിട്ടു പോയി. 'എനിക്കീ സെര്‍ബോ-ക്രോട്ട് ഒരു വാക്കു പോലും സംസാരിക്കാന്‍ അറിയില്ല, പക്ഷേ അതുകൊണ്ടെന്താ?എനിക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. ' കുട്ടി ന്യായം കണ്ടു പിടിച്ചു.

അങ്ങനെ കേരള കുട്ടിയും മറ്റൊരാളും മാത്രമായി മുറിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍. മറ്റുള്ള 4998 പേരും പോയി കഴിഞ്ഞിരുന്നു.

ബില്‍ ഗേറ്റ്‌സ്് അവരുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: 'സെര്‍ബോ- ക്രോട്ട്് സംസാരിക്കുന്ന രണ്ടേ രണ്ടു പേര്‍ നിങ്ങളാണ്, നിങ്ങള്‍ രണ്ടു പേരും കൂടി ആ ഭാഷയില്‍ സംസാരിക്കുന്നത് എനിക്കൊന്നു കേട്ടാല്‍ കൊള്ളാം.'

അക്ഷോഭ്യനായി നമ്മുടെ കേരള കുട്ടി അടുത്ത ഉദ്യോഗാര്‍ത്ഥിക്കു നേരേ തിരിഞ്ഞ് പച്ചമലയാളത്തില്‍ അങ്ങു ചോദിച്ചു-

'നാട്ടില്‍ എവിടെയാ ? '

'തൃശൂര്‍! ' ഉദ്യോഗാര്‍ത്ഥി പ്രതിവചിച്ചു. മല്ലൂസ് എപ്പടി? നമിക്കണ്ടേ മുന്‍തലമുറ?

ഈ സാങ്കല്‍പ്പിക തമാശ കഥയില്‍ കാതലായൊരു തത്വം ഒളിഞ്ഞു കിടക്കു ന്നു. മുഖാമുഖത്തിനു പോകുമ്പോള്‍ ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ വിലയുണ്ട് ആത്മവിശ്വാസത്തിന്. അക്കാഡമിക്‌സ് വളരെ മോശമായിരുന്നിട്ടും വാക്‌സാമര്‍ത്ഥ്യം കൊണ്ട് മാര്‍ക്കുള്ളവരെ പിന്നിലാക്കി ജോലി സമ്പാദിച്ച് ഉയരങ്ങളിലെത്തിയ പല മിടുക്കരേയും അറിയാം.


ഇനി ഒരു ജീവിതാനുഭവം. കമ്പനിയില്‍ എഞ്ചിനീയര്‍ ട്രെയിനികളുടെ മുഖാമുഖം നടന്നു കൊണ്ടിരിക്കുന്നു. കഠിനമായ ടെക്‌നിക്കല്‍ ടെസ്റ്റ് പാസ്സായവരാണ്, സാമാന്യം അറിവുള്ളവര്‍ എന്നര്‍ത്ഥം. രണ്ടു മൂന്നു പേരുടേത് കഴിഞ്ഞപ്പോള്‍ സരസനായ HR കാരന്‍ പറഞ്ഞു-' ഊം, എനിക്കു പിടികിട്ടി, നിങ്ങളെല്ലാം പിള്ളേരോടു ചോദിച്ചു പഠിക്കയാണല്ലേ?' ഇത്രേയുള്ളു കാര്യം!അതിനു പേടി എന്തിന്?

*ജാവ-Java-ഒരു കമ്പ്യൂട്ടര്‍ പ്രോഗാമിംഗ് ഭാഷ.
#സെര്‍ബോ-ക്രോട്ട്- പഴയ യുഗോസ്ലാവിയയില്‍ പ്രചാരത്തിലിരുന്ന ഒരു മിശ്രഭാഷ, സെര്‍ബോ-ക്രൊയേഷ്യന്‍. യൂറോപ്പില്‍ ഈ ഭാഷയില്‍ പത്രങ്ങളും ടി.വി. ചാനലുകളുമുണ്ടെന്ന് ഇന്റര്‍നെറ്റ് പറയുന്നു.

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.