0

ക്ളാസ് മുറികളെ ഇവര്‍ ഭയപ്പെടുന്നു

കൈവിട്ട് പോകുന്ന കൗമാരങ്ങള്‍-3 / പി.പി കബീര്‍- മാധ്യമം



പ്രമുഖ ഇന്ത്യന്‍ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു സൂരജ്. പ്ളസ്വണ്ണിന്‍െറ ഫലം വന്നപ്പോള്‍ മാര്‍ക്ക് വളരെ കുറഞ്ഞു. മറ്റ് വിദ്യാര്‍ഥികളെ അപേക്ഷിച്ച് സൂരജിന് മാര്‍ക്ക് കുറഞ്ഞതില്‍ സ്കൂളിന് അപമാനബോധം. ഇങ്ങനെ പോയാല്‍ സ്കൂളിന്‍െറ സല്‍പ്പേര് സൂരജ് നഷ്ടപ്പെടുത്തുമെന്ന് അധ്യാപകര്‍ക്ക് ആശങ്ക. അതുകൊണ്ട് പ്ളസ്ടുവിന് സൂരജിനെ സ്കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കേണ്ടെന്ന് മാനേജ്മെന്‍റ് തീരുമാനിച്ചു. അങ്ങനെ സ്കൂളില്‍ നിന്ന് സൂരജ് പുറത്തായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുത്തുവാക്കുകള്‍ക്കും ശകാരങ്ങള്‍ക്കും നടുവില്‍ ഒറ്റപ്പെട്ട അവന്‍െറ ഉറക്കം നഷ്ടപ്പെട്ടു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നശിച്ചു. ആശിക്കാന്‍ ഒന്നുമില്ല. ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒടുവില്‍ മരണമാണ് തന്‍െറ വഴിയെന്ന് അവന്‍ സ്വയം തീരുമാനിച്ചു. മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യ പിറ്റേദിവസത്തെ പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്തയായി ഒതുങ്ങി. കൗമാരക്കാരനായ സൂരജിനെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആരും അന്വേഷിച്ചില്ല.

കൂട്ടുകുടുംബ വ്യവസ്ഥയയിലെ സുരക്ഷിതത്വം വിദ്യാര്‍ഥികള്‍ക്ക് പുറത്തും നല്‍കുന്നതായിരുന്നു പണ്ടുകാലത്തെ ഗുരുകുലവിദ്യാഭ്യാസം. ഔചാരികതകള്‍ക്കപ്പുറം ഗുരുവും ശിഷ്യനും തമ്മിലെ ബന്ധം അവിടെ ദൃഢമായിരുന്നു. ശിഷ്യനെ നാളെയുടെ നല്ല പൗരനായി കണ്ട ഗുരുക്കന്‍മാരുടെയും ഗുരുവിനെ രക്ഷിതാവിന്‍െറ സ്ഥാനത്ത് പ്രതിഷ്ഠിച്ച ശിഷ്യന്‍മാരുടെയും കാലം. ഇന്ന് വിദ്യാഭ്യാസത്തിന്‍െറയും വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും ധര്‍മവും അര്‍ഥതലങ്ങളും മാറി. വിദ്യാഭ്യാസം കേവലം കച്ചവടച്ചരക്കും അധ്യാപനം തൊഴിലും വിദ്യാലയങ്ങള്‍ ലാഭം കൊയ്യാനുള്ള വാണിജ്യ കേന്ദ്രങ്ങളുമായി. അവിടെ വിദ്യാര്‍ഥി വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങാനെത്തുന്ന ഉപഭോക്താവ് മാത്രമാണ്. സ്കൂളുകള്‍ കച്ചവടലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെ വൈവിധ്യവല്‍കരിച്ചു. വിദ്യാര്‍ഥിക്ക് യൂനിഫോമും പാഠപുസ്തകവും നല്‍കുന്നതുമുതല്‍ എഴുതിയ പരീക്ഷയുടെ ഫലം അറിയാനുള്ള അവന്‍െറ അവകാശം വരെ കച്ചവടമാണ്. നൂറുശതമാനം വിജയം കൊട്ടിഘോഷിക്കാന്‍ വിദ്യാര്‍ഥികളെ അടവെച്ച് വിരിയിച്ചെടുക്കുന്ന സമ്പ്രദായമാണ് ഗള്‍ഫ് നാടുകളിലെ പല സ്കൂളുകളും പിന്തുടരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഫോസ ഖത്തര്‍’ എന്ന സംഘടന അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ സ്കൂള്‍ മാനേജ്മെന്‍റുകളുടെ നയങ്ങളിലും സമീപനങ്ങളിലും തങ്ങള്‍ അസംതൃപ്തരാണെന്നാണ് ഖത്തറിലെ 42 ശതമാനം രക്ഷിതാക്കളും പ്രതികരിച്ചത്. സ്കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നതായി 50 ശതമാനം രക്ഷിതാക്കള്‍ പറഞ്ഞു. 32 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് വിദ്യാഭാസത്തിന്‍െറ ഗുണനിലവാരത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് സി.ബി.എസ്.ഇയടക്കം പഠനത്തിലും പരീക്ഷാ സമ്പ്രദായങ്ങളിലും ഒട്ടേറെ നൂതന മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും അവയൊന്നും ഫലപ്രദമായി നടപ്പായിട്ടില്ല. കുട്ടികളുടെ കഴിവോ താല്‍പര്യങ്ങളോ നോക്കാതെ എല്ലാവരെയും കൂടുതല്‍ മാര്‍ക്ക് നേടുന്നരവാക്കി മാറ്റുക എന്നത് അധ്യാപനരീതികളുടെ പൊതുലക്ഷ്യമായി മാറിയിട്ടുണ്ട്. കഴിവിനപ്പുറം കാണാപ്പാഠം പഠിക്കാനുള്ള സാമര്‍ഥ്യത്തിന്‍െറ അളവുകോലായി പരീക്ഷകളുടെ എണ്ണം കൂടി. എപ്പോഴും പലതരം പരീക്ഷകള്‍. ഇതിന് പുറമെ ട്യൂഷനും. പരീക്ഷകളെക്കുറിച്ച ചിന്തകളും അവയില്‍ പരാജയപ്പെടുമോ എന്ന ആശങ്കയും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല. വാര്‍ഷിക പരീക്ഷകള്‍ ഒരു ഭീകരാക്രമണം പോലെ തങ്ങളെ പേടിപ്പെടുത്തുന്നതാണെന്നാണ് ഒരുകൂട്ടം പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടത്. പരീക്ഷയുടെ വേവലാതികള്‍ പലപ്പോഴും ആദ്യം പിടികൂടുക വിദ്യാര്‍ഥികളെയല്ല, രക്ഷിതാക്കളെയാണ്. മകന്‍െറ ഉയര്‍ന്ന മാര്‍ക്ക് അവന്‍െറ വിജയത്തിനൊപ്പം അവരുടെ അഭിമാനത്തിന്‍െറ അടയാളം കൂടിയാണ്. അങ്ങനെ മക്കള്‍ ഉയര്‍ന്ന മാര്‍ക്ക് നേടേണ്ടത് അവരുടെ കൂടി ആവശ്യമായി മാറുന്നു. സ്കൂളിന്‍െറ വിജയശതമാനം നിലനിര്‍ത്തേണ്ടത് അധ്യാപകരുടെയും. എത്ര നന്നായി പഠിച്ചാലും പരീക്ഷയില്‍ പിന്നാക്കം പോകാന്‍ ഈ സമ്മര്‍ദ്ദങ്ങള്‍ ധാരാളം. കൂടുതല്‍ പണവും സൗകര്യവുമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സി.ബി.എസ്.ഇയുടെ ഇന്‍റര്‍നാഷനല്‍ സിലബസ് സംവിധാനം കൂടി വന്നതോടെ ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന അവസ്ഥ സ്കൂളുകളിലും സംജാതമായി.
പഠനത്തിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് പീഢനമായി മാറുന്ന ഒന്നാണ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍. ഇവിടെ പലപ്പോഴും വിദ്യാര്‍ഥികളുടെ അഭിരുചിയേക്കാള്‍ രക്ഷിതാക്കളുടെ കോംപ്ളക്സുകള്‍ക്കായിരിക്കും മുന്‍തൂക്കം. മക്കള്‍ പാട്ടിലും നൃത്തത്തിലും ചിത്രരചനയിലുമൊക്കെ പങ്കെടുക്കുന്നു എന്നത് പല രക്ഷിതാക്കളും അഭിമാനമായി കാണുന്നു. സ്കൂള്‍ പഠനവും ട്യൂഷനും കഴിഞ്ഞുള്ള സമയം ഇത്തരം പരിശീലനങ്ങള്‍ക്കാണ് നീക്കിവെക്കുക. തന്‍െറ കുട്ടിക്ക് യഥാര്‍ഥത്തില്‍ പാടാനും ആടാനും വരക്കാനും കഴിവും അഭിരുചിയുമുണ്ടോ എന്ന് പലരും ചിന്തിക്കുന്നില്ല.
അവധിക്കാലത്ത് പോലും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. സമ്മര്‍ ക്യാമ്പുകളും വിന്‍റര്‍ ക്യാമ്പുകളും അവരുടെ അവധിക്കാലങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇത്തരം ക്യാമ്പുകളാകട്ടെ പലപ്പോഴും അതിന്‍െറ നടത്തിപ്പുകാര്‍ക്ക് കുട്ടികളിലെ കായിക, സര്‍ഗ വാസനകള്‍ പോഷിപ്പിക്കാനുള്ള വേദി എന്നതിനേക്കാള്‍ ചുരുങ്ങിയകാലം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളാണ്. രക്ഷിതാക്കള്‍ക്കാകട്ടെ, അവധിക്കാലത്ത് മക്കളെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള ഒരു കേന്ദ്രവും.

‘അധ്യാപക-വിദ്യാര്‍ഥി ബന്ധം തികച്ചും യാന്ത്രികമാണെന്നതും അധ്യാപകര്‍ക്ക് സാമൂഹിക പ്രതിബദ്ധത കുറയുന്നു എന്നതും ഗള്‍ഫിലെ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളിലെ പൊതു സവിശേഷതയായ കുറഞ്ഞ ശമ്പളമാണ് ഇതിന് കാരണം. യോഗ്യതയും പരിചയവുമുള്ള അധ്യാപകര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകില്ലെന്നത് സ്വാഭാവികം. ഒരു അധ്യയനവര്‍ഷത്തില്‍ തന്നെ അധ്യാപകര്‍ പലതവണ മാറിവരുന്നതും മതിയായ യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും. ഈ പരിമിതികളെല്ലാം മാറികടന്ന് നല്ല മാര്‍ക്ക് നേടുക എന്നത് കുട്ടികളുടെ ബാധ്യതയായി മാറുമ്പോള്‍ അവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്നതില്‍ അത്ഭുതമില്ല’-ദീര്‍ഘകാലം ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ജോലി ചെയ്ത ഒരു മുതിര്‍ന്ന അധ്യാപകന്‍ പറയുന്നു.

സ്കൂളുകള്‍ക്ക് മാനുഷികത എത്രമാത്രം നഷ്ടപ്പെടുന്നു എന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ഖത്തറിലെ ഒരു ഇന്ത്യന്‍ സ്കൂളിലുണ്ടായ സംഭവം. പഠനത്തില്‍ പിന്നാക്കമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ ക്ളാസുകളില്‍ നിന്ന് ചില വിദ്യാര്‍ഥികളെ പുറത്താക്കി. ഈ കുട്ടികള്‍ അവിടെ തുടര്‍ന്ന് പഠിച്ചാല്‍ സ്കൂളിന്‍െറ വിജയശതമാനത്തെ ബാധിക്കുമെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ ന്യായം. പഠനത്തില്‍ പിന്നാക്കമെന്ന് ഇവര്‍ പറയുന്നത് തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന മാര്‍ക്കിലെത്താത്ത വിദ്യാര്‍ഥികളെയാണ്. അല്ലാതെ തോല്‍വിയുടെ വക്കില്‍ നില്‍ക്കുന്നവരെയല്ല. സ്കൂളിനോടും അധ്യാപകരോടും സമൂഹത്തോടുതന്നെയും കുട്ടികളില്‍ നിഷേധാത്മക മനോഭാവം വളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായിക്കൂ.

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.