1
കൈമോശം വരുന്ന സൌഹൃദങ്ങള്‍
ഇതൊരു കഥയല്ല. ഒരു ഓര്‍മ്മപ്പെടുത്തലാണ്.
വിട്ടുപിരിയാത്ത സൌഹൃദത്തിന്റെയും കൂട്ടുകെട്ടിന്റെയും കുടുംബാന്തരീക്ഷതിന്റെയും മഹാവലയത്തില്‍ നിന്നും വ്യത്യസ്ത കാലങ്ങളില് വ്യത്യസ്ത ഇടങ്ങളിലേക്ക് ജീവിതമാര്ഗവും തേടി യാത്രയായി, വിവിധ ദേശക്കാരും ഭാഷക്കാരും സ്വഭാവക്കാരുമായ നിരവധി പേര്ക്കുമോപ്പം കഴിയുന്നവരാനെല്ലോ നമ്മള്‍. വര്ഷങ്ങള്ക്കു ശേഷം ജന്മനാടിന്റെ ചൂടും ചൂരും കൊതിച്ചു മടങ്ങുമ്പോള്‍ എന്താണ് നമ്മില്‍ അവശേഷിക്കുന്നതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ??
പ്രത്യക്ഷപ്പെട്ടതോ ഇനിയും പ്രത്യക്ഷപ്പെടാനിരിക്കുന്നതോ ആയ അസുഖങ്ങള്‍ തിങ്ങി നിറഞ്ഞ ശരീരവും അതിനുള്ളിലെ എവിടെയോ കൊളുത്തിവലിക്കുന്നത് പോലെയൊരു വേദനയാല്‍ പുളയുന്ന, വിങ്ങുന്ന മനസ്സും, ആടംബരതിന്റെയും പൊങ്ങച്ചത്തിന്റെയും തിളങ്ങുന്ന കുപ്പായവും, മലയാളക്കര കനിഞ്ഞു നല്കിയ പ്രവാസി എന്ന സുന്ദരമായ ഓമനപ്പേരും മാത്രം.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധമോ കുറ്റബോധമോ തോന്നുന്ന ചില കാര്യങ്ങളുണ്ട്. മഹത്വം മറഞ്ഞു പോകുന്ന സുഹൃത്ബന്ധങ്ങളും കുടുംബബന്ധങ്ങളും. ഒരുമിച്ചു കളിച്ചു രസിച്ചും, ഇണങ്ങിയും പിണങ്ങിയും, സുഖദുഃഖങ്ങള്‍ പങ്കുവെച്ചും, പാറി നടന്നിരുന്ന പൂര്വ്വകാലതില്നിന്നും, വര്ത്തമാനകാല യാതാര്ത്യങ്ങളുടെ സന്കീര്ണതകളിലേക്ക്, അനിവാര്യതകളിലേക്ക് പ്രവേശിച്ചപ്പോള്‍, വിലപ്പെട്ട പലതും നഷ്ടപ്പെട്ടതായി നാം അറിയുന്നു.
പുതിയ കുടുംബ ജീവിതത്തിന്റെ ചുറ്റുപാടുകളും പ്രശ്നങ്ങളും സ്വകാര്യതകളും, മറ്റെന്തിനെക്കാളും വലുതായി നമ്മെ വലയം ചെയ്തപ്പോള്‍, സൌഹൃദത്തിന്റെ ബന്ധങ്ങള്‍ പുതുക്കുവാനും വികസിപ്പിക്കുവാനും നാം മറന്നു പോയി. സമയം സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പോലും തികയാതെ വന്നപ്പോള്‍ അവരുമായി കുറച്ചുനേരം ചിലവഴിച്ചു, പൊയ്പോയ സുന്ദരസുദിനങ്ങളിലെ സുഖമുള്ള ഓര്‍മ്മകള്‍ അയവിരക്കുവാനോ മനസ്സുകള്‍ പങ്കുവെക്കാനോ നമുക്ക് കഴിയുന്നില്ല. അഥവാ വല്ലപ്പോഴും കണ്ടുമുട്ടിയാല്‍ തന്നെ, ഉള്ളില്‍ പേറിനടക്കുന്ന വേദനകളുടെ മഹാപര്വതം, കൃത്രിമ മുഖത്താല്‍ പാടുപെട്ടു മറച്ചുപിടിച്ചു, അവനവനിലേക്ക് തന്നെ ഒതുങ്ങിക്കൂടുവാന്‍ ഓരോരുത്തരും ശ്രമിക്കുന്നു.
ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ വിരസമായ യാമങ്ങളില്‍ തനിച്ചിരുന്നു, ഓര്‍മ്മകള്‍ കരിമ്പടം പുതച്ചുറങ്ങുന്ന കഴിഞ്ഞകാല വീതികളിലൂടെ സന്ജരിക്കുമ്പോള്‍, ഒരു തൂവല്‍ സ്പര്‍ശം പോലെ തഴുകിയെത്തുന്ന ഏതാനും കാര്യങ്ങളുണ്ട്. വികൃതികളും കുസൃതികളും വിനോദങ്ങളുമായി നടന്നിരുന്ന മനോഹരമായ ബാല്യകാലം, ഒരുപാട് അമൂല്യമുഹൂര്തങ്ങള്ക്ക് സാകഷ്യമായ സ്കൂള്‍-കലാലയ ജീവിതം, നാടിന്റെ സ്പന്ദനമായി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ കര്‍മ്മനിരതമായ ഏതാനും വര്ഷങ്ങള്.... അങ്ങിനെയങ്ങിനെ,
ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം നഷ്ടപ്പെട്ടു പോയ ഒരുപാട് കാര്യങ്ങള്‍.
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എത്തിപ്പെട്ട ഇടങ്ങളും ഏറ്റെടുത്ത ജോലികളും വ്യത്യസ്തമായിരിക്കാം. ചുറ്റുപാടുകളും ജീവിതരീതികളും ഏറെ മാറിയിരിക്കാം. പക്ഷെ ഒരിക്കലും മാറരുതാത്ത, മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. കുട്ടിക്കാലം മുതല്‍ പടുത്തുയര്‍ത്തിയ സൌഹൃദങ്ങള്‍ ഒരിക്കലും മറവിയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാതിരിക്കുക. ലോകത്ത് വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെടാനും വിവരങ്ങള്‍ കൈമാറുവാനും ഇന്ന് ഒട്ടേറെ സംവിധാനങ്ങള്‍ നിലവിലുണ്ട്. അവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തി നമുക്ക് സൌഹൃദത്തിന്റെ ഈ മേന്മയേറിയ കണ്ണികള്‍ തേയ്മാനം വരാതെ കാത്തു സൂക്ഷിക്കാം. നാഥന്‍ തുണക്കട്ടെ.
ആശംസകളോടെ, |