0

മുല്ലപ്പെരിയാറില്‍ ഡാം കെട്ടാനായി അഹോരാത്രം പരിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പരിവാരങ്ങളും അറിയാന്‍ ഒരു ചെന്നൈ മലയാളിയുടെ തുറന്ന കത്ത്.

മുല്ലപ്പെരിയാറില്‍ ഡാം കെട്ടാനായി അഹോരാത്രം പരിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പരിവാരങ്ങളും അറിയാന്‍ ഒരു ചെന്നൈ മലയാളിയുടെ തുറന്ന കത്ത്.

വിദ്യാഭ്യാസമുണ്ടെങ്കിലും മാന്യമായ ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഞങ്ങളെ പോലുള്ള യുവതലമുറയ്ക്ക് ചെന്നൈ, ബാഗ്ലൂര്‍ പോലുള്ള നഗരങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നത് മലയാളികള്‍ക്കെല്ലാം അറിയാവുന്ന നഗ്നമായ സത്യമാണ്. ചെന്നൈ എന്ന ഒരു മെട്രോ നഗരത്തില്‍ മാത്രം, ഏഴ് ലക്ഷത്തോളം മലയാളികളാണ് സ്ഥിര താമസക്കാരും അല്ലാതെയുമായി ഉള്ളത്. ചരിത്രത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത ഒരു ഉള്‍ഭയത്തിന് അടിമകളാണ് ഇന്ന് ഇവിടുത്തെ മലയാളികള്‍. പ്രശ്‌നം മുല്ലപ്പെരിയാര്‍ തന്നെ. കേരളത്തിന്റെ നദിയില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് നല്‍കുന്നുവെന്ന് കേരളം അവകാശപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മുന്‍ മന്ത്രിയായിരുന്നു പ്രേമചന്ദ്രന്‍ ആണ് ഈ പ്രശ്‌നത്തിലെ അപകട സാധ്യതയെ ഇത്രയും സാമൂഹികവല്‍കരിച്ചത്. നന്ന്, ജനങ്ങളുടെ സുരക്ഷയെ കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ള ജനപ്രതിനിധികളെ കാണുന്നത് സന്തോഷജനകമായ വസ്തുതയാണ്.
പക്ഷെ, ഇന്ന് ഞങ്ങളെ പോലുള്ള ചെന്നൈയിലെ തൊഴിലാളികള്‍ കേരളത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളുടെയും തീക്ഷണമായ പ്രതികരണങ്ങള്‍ തമിഴ്‌നാട്ടില്‍ അനുഭവിക്കുകയാണ്. ഇവിടെ എവിടെ തിരിഞ്ഞാലും ഇപ്പോള്‍ മുല്ലപ്പെരിയാര്‍ തന്നെയാണ് വിഷയം. ഓഫീസില്‍ ‘മുല്ലപ്പെരിയാര്‍’ എന്ന് മിണ്ടിയാല്‍ തമിഴര്‍ കാക്കക്കൂട്ടത്തിന് കിട്ടിയ കോഴി കുഞ്ഞിനെ പോലെ വലിച്ച് കീറാന്‍ തുടങ്ങും. പിന്നെ എടുക്കാന്‍ പറ്റുന്ന ഒരേ ഒരു നിലപാട്‌ അങ്ങും ബഹുമാനപ്പെട്ട എജിയും സ്വീകരിച്ചിരിക്കുന്ന തമിഴ്‌നാട് അനുകൂല നിലപാട് തന്നെയാണ്.

തമിഴ്‌നാട്ടില്‍ എട്ട് കോടി ജനങ്ങളുണ്ടെന്നും അതിന്റെ നാലില്‍ ഒന്ന് അല്ലേ കേരളത്തില്‍ ഉള്ളൂവെന്നും അടി തുടങ്ങിയാല്‍ “ഇന്ത മലയാളത്താന്‍ അടിവാങ്കത്താന്‍ പോറാന്‍’ എന്നുമാണ് ഇവിടുത്തെ മലയാളികളുടെ ടീ ഷോപ്പുകളില്‍ എത്തുന്ന തമിഴരുടെ സംസാരം. മലയാളികള്‍ തമിഴ് സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മലയാളം സംസാരിച്ച് മലയാളിയാണെന്ന തിരിച്ചറിവ് തമിഴര്‍ക്ക് നല്‍കേണ്ടതില്ല എന്ന ലക്‌ഷ്യമാണ് ഇതിനു പിന്നില്‍.


അങ്ങും പരിവാരങ്ങളും ഡല്‍ഹിയിലേക്കും പിന്നീട് നാട്ടിലേക്കും (കേരളം) വിമാനയാത്രകള്‍ നടത്തി നമ്മുടെ തന്നെ നികുതി പണം പാഴാക്കുന്നതായ വാര്‍ത്തകളും പത്രങ്ങളില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം പ്രധാനമന്ത്രിയെ കൊണ്ട് ഇതുവരെ വായ് തുറന്ന് ഒരക്ഷരം മിണ്ടിക്കാന്‍ കഴിയാത്ത കേരളത്തിന്റെ സ്വന്തം കോണ്‍ഗ്രസുകാരില്‍ നിന്നും ഞങ്ങള്‍ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്? തമിഴ്‌നാട്ടില്‍ താമസക്കാരായ മലയാളികളുടെ സുരക്ഷയെ കുറിച്ച് കേരള സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേക നിയമസഭ കൂടി പ്രമേയം പാസാക്കി, സമരം ശക്തമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടാകുന്നു. അതൊക്കെ നിങ്ങളുടെ രാഷ്‌ട്രീയപരമായ നിലപാടുകള്‍. ഇതൊക്കെ തന്നെയാണ് ഇവിടെ തമിഴ്‌നാട് സര്‍ക്കാറും ചെയ്യുന്നത്.
ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യമുള്ള ഞങ്ങളെ പോലുള്ള സാധാരണ പൌരന് എന്ത് അടിസ്ഥാന സുരക്ഷയാണ് ഭരണാധികാരികള്‍ നല്‍കുന്നത്? തമിഴ് ജനതയുടെ അടി കൊണ്ട് ചാകേണ്ടി വരുമോയെന്നുള്ള ആധിയാണ് ഞങ്ങള്‍ക്കുള്ളത്. ഇതിന് എന്ത് പരിഹാരമാണ് ഞങ്ങള്‍ തിരഞ്ഞെടുത്ത ഞങ്ങളുടെ ജനപ്രതിനിധികള്‍ ചെയ്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ അല്പം ആശ്വാസം ലഭിക്കുമായിരുന്നു.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ചെന്നൈ മലയാളികള്‍ക്കുണ്ടാ‍യ ചില മാറ്റങ്ങള്‍ ഇതാ -


1. ചൈന്നൈയിലെ ഭൂരിപക്ഷം മലയാളി ചായക്കടകളിലും തമിഴ് സ്റ്റാഫുകള്‍ക്ക് റിക്രൂട്ട്‌മെന്റ് (അങ്ങനെയെങ്കിലും അത് തമിഴരുടെ കടയാകട്ടെ എന്ന് കരുതിയാണ്)

2. മലയാളികള്‍ പുറത്തിറങ്ങി നടക്കുന്നതും ബാറുകളില്‍ പോകുന്നതും കുറച്ചിട്ടുണ്ട്. മലയാളം സംസാരിച്ച് തമിഴരുടെ കൈകളില്‍ നിന്നും അടി വാങ്ങേണ്ടതില്ല എന്ന സ്വബോധത്തില്‍ നിന്നുമുണ്ടായ തിരിച്ചറിവ്.

3. മുല്ലപ്പെരിയാര്‍ എന്ന വിഷയം ഓഫീസുകളില്‍ മിണ്ടാതെയിരിക്കുക.

4. മലയാളം പത്രം, വാരിക, മാസിക എന്നിവ കൈയ്യില്‍ കരുതുന്ന സ്വഭാവം മാറ്റി. കരുതിയാലും പൊതിഞ്ഞ് സൂക്ഷിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം -

1. കേരളത്തില്‍ നിന്ന് യുപി‌എയിലുള്ള എല്ലാ എം‌പിമാരെയും രാജിവയ്പ്പിക്കണം. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്ത കേന്ദ്ര സര്‍ക്കാറിനെ ഞങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ പിന്തുണയ്ക്കേണ്ടതില്ല. തെലുങ്കാനയില്‍ എം‌പിമാര്‍ കാണിച്ച ആവേശത്തിന്റെ ഒരു ശതമാനമെങ്കിലും നമ്മുടെ എം‌പിമാര്‍ കാണിക്കാന്‍ തയ്യാറാകണം.

2. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ പാര്‍ലെമെന്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കണം. ഇത് പ്രതിപക്ഷത്തിനുമാകാം. ജനങ്ങളോട് കൂറുള്ളവരാണെങ്കില്‍ നിങ്ങള്‍ക്കൊപ്പം നിരാഹാരമിരിക്കാന്‍ ജനങ്ങളുമുണ്ടാകും.

3. തമിഴ്‌നാട് സര്‍ക്കാറിനെ ബന്ധപ്പെട്ട് മലയാളികളുടെ സുരക്ഷ 100 ശതമാനം ഉറപ്പാക്കണം. ഒപ്പം കേരളത്തിലുള്ള തമിഴരുടെ സുരക്ഷയും.

4. തമിഴ്‌നാടിന് അനുക്കൂലമായല്ല, കേരളത്തിന് അനുകൂലമായ എല്ലാ വാദങ്ങളും സുപ്രീംകോടതിയില്‍ ശക്തമായി നിരത്തി വാദിക്കണം. (വാദിക്കാന്‍ അറിയാവുന്ന ഏതെങ്കിലും നല്ല അഡ്വക്കേറ്റിനെ പൈസ നല്‍കി വയ്ക്കണമെന്നതും പരിഗണിച്ചാല്‍ നന്ന്.‌)


|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.