0

നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി


നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി

madhyamam: കോഴിക്കോട്: നെറ്റ്വര്‍ക്-മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടരവേ ആരോഗ്യപാനീയ വില്‍പനയെന്ന പേരില്‍ അമേരിക്കന്‍ കുത്തക കമ്പനി മണിചെയിന്‍ തട്ടിപ്പുമായി സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. അമേരിക്കയില്‍ പരീക്ഷിച്ച് തകര്‍ന്ന മൊണാവി (MONAVIE) കമ്പനിയാണ് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ആരോഗ്യപാനീയം പ്രചരിപ്പിക്കുക വഴി കേരളീയരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. എണ്ണായിരം രൂപ ക്ക് നാലുകുപ്പി ഹെല്‍ത്ത് ജൂസ് നല്‍കുകയും തുടര്‍ന്ന് ഇരുവശങ്ങളിലും കണ്ണിചേര്‍ത്ത് ലക്ഷങ്ങള്‍ കമീഷനായി തട്ടുകയുമാണ് മൊണാവിയുടെ പദ്ധതി.
ആര്‍.എം.പി, ആംവെ തുടങ്ങി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ പ്രവര്‍ത്തിച്ച് കോടികള്‍ നേട്ടമുണ്ടാക്കിയ ഇടത്-വലത് തൊഴിലാളി സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ കണ്ണികളില്‍ മുഖ്യ പ്രചാരകരായി രംഗത്തുണ്ട്.

നാലുകുപ്പി ജൂസില്‍ ഓരോന്നും രക്ത ശുദ്ധീകരണം, കരളിന് ദൃഢത, ഹൃദയ സുരക്ഷ, സൗന്ദര്യം എന്നിവ ഉറപ്പാക്കുമെന്നാണ് പ്രചാരണം. രണ്ടായിരം രൂപ വീതം  നല്‍കി  നാലുകുപ്പി ജൂസ് വാങ്ങുന്നതോടെ ഒരാള്‍ ശൃംഖലയില്‍ കണ്ണിയാവുന്നു. ഇതില്‍ രണ്ടുകുപ്പി വിറ്റാല്‍ കുപ്പിക്ക് 860 രൂപ തോതില്‍ കമീഷന്‍ ലഭിക്കും. ഈ കുപ്പി വാങ്ങുന്നവരും ശൃംഖലയില്‍ കണ്ണിയാവും.  ഇവരും നാലുകുപ്പി വീതം വാങ്ങണം.
ഇങ്ങനെ ഇടതും വലതുമായി കണ്ണി വളരുന്നതനുസരിച്ച് ത്രികോണ കണ്ണിയിലെ മുകളിലുള്ളവര്‍ക്ക് 430 രൂപ വീതം ലഭിച്ചുകൊണ്ടിരിക്കും. കമീഷന്‍ കൈയില്‍ കിട്ടണമെങ്കില്‍ ഉപയോഗിച്ചാലും ഇല്ളെങ്കിലും ഓരോ കണ്ണിയും പ്രതിമാസം കുറഞ്ഞത് രണ്ടു കുപ്പി ജൂസ് വാങ്ങിയിരിക്കണം.


താഴെ കണ്ണിയില്‍ എത്രപേര്‍ ചേര്‍ന്നാലും  രണ്ടുകുപ്പി വാങ്ങണമെന്നതാണ് കമ്പനിയുടെ തന്ത്രങ്ങളിലൊന്ന്. നാലായിരം രൂപ നല്‍കി രണ്ടുകുപ്പി ജൂസ് വാങ്ങുന്നവര്‍ കൂടുതല്‍ ലാഭത്തിനായി താഴെ കണ്ണികളെ ചേര്‍ത്തുകൊണ്ടേയിരിക്കും.


അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് സൊസൈറ്റി അമേരിക്കയില്‍ നിരോധിച്ച ‘ആരോഗ്യ പാനീയ’മാണ് ലാഭകൊതിമൂത്ത ടീം ലീഡര്‍മാര്‍ കേരളത്തില്‍  വിറ്റുകൊണ്ടിരിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമോ ഹാനികരമോ എന്നൊന്നും ആലോചിക്കാതെ കമീഷന്‍ മാത്രം ലക്ഷ്യമിടുന്ന കണ്ണികള്‍ കൂടുതല്‍ പേരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.


ആര്‍.എം.പി നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയിലൂടെ കോടികള്‍ നേട്ടമുണ്ടാക്കിയ തിരുവനന്തപുരത്തെ ഡോ. എന്‍. ഷംസുദ്ദീന്‍, അഭിലാഷ് തോമസ്, സജീവ് നായര്‍ എന്നിവരാണ് മൊണാവിയുടെ കേരളത്തിലെ മുഖ്യപ്രചാരകര്‍. ആര്‍.എം.പിക്കെതിരെ നടപടി വന്നതോടെ ഇവരുടെ കീഴിലുണ്ടായിരുന്ന കണ്ണികളെ മൊണാവിയുടെ പ്രചാരകരായി നിയോഗിച്ച് ജില്ലകള്‍ തോറും പരിശീലന ക്ളാസുകള്‍ നടത്തിവരുന്നു. വയനാട്ടില്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിക്കെതിരെ ആദ്യമായി പൊലീസില്‍ പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവാണ് മൊണാവിയുടെ വയനാട്ടിലെ മുഖ്യ പ്രചാരകന്‍.


വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന മൊണാവിയുടെ പരിശീലന ക്ളാസുകളില്‍ ഐ.എന്‍.ടി.യു.സി-സി.ഐ.ടി.യു നേതാക്കളെന്ന് പരിചയപ്പെടുത്തി നിരവധിപേര്‍ പങ്കെടുത്തിരുന്നു. സാധാരണക്കാരായ താഴെത്തട്ടിലെ ‘കണ്ണികള്‍’ കുത്തുപാളയെടുത്താലും സംഘടന വളരട്ടെ എന്ന ലക്ഷ്യത്തോടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ സംഘടിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് രംഗത്തുണ്ട്.
1978 ലെ പ്രൈസ് മണി ചിറ്റ്സ് സര്‍ക്കുലേഷന്‍ നിരോധനനിയമമനുസരിച്ച്   ഇത്തരം തട്ടിപ്പു കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെങ്കിലും പൊലീസിലെ ചില ഉന്നത ഓഫിസര്‍മാര്‍  വരെ മൊണാവിയുടെ ടീം മേധാവികളായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.


കണ്ണിചേര്‍ക്കല്‍ തകൃതിയായി നടക്കുന്നതിനാല്‍ കേരളത്തിലെ ഓരോ ടീം ലീഡര്‍ക്കും  പ്രതിമാസം 64 ലക്ഷം രൂപ കമീഷന്‍ ലഭിക്കുമെന്ന് മൊണാവിയുടെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

|

0 Comments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.